Kerala
തിരുവനന്തപുരം: വാർത്തകൾ നീക്കം ചെയ്തെന്ന പരാതിയിൽ മെറ്റ പോലീസിന് രേഖാമൂലം മറുപടി നൽകി. നീക്കം ചെയ്ത 16 വാർത്തകൾ പുനഃസ്ഥാപിച്ചെന്നും മെറ്റ വ്യക്തമാക്കി. വാർത്തകൾ നീക്കം ചെയ്തത് മെറ്റയുടെ ഓട്ടോമേറ്റഡ് സാങ്കേതിക സംവിധാനത്തിലുണ്ടായ പിഴവിനെ തുടർന്നാണെന്നും വിശദീകരണത്തിൽ പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഉന്നയിച്ച ഏഴ് ചോദ്യങ്ങൾക്കാണ് മെറ്റ രേഖാമൂലം മറുപടി നൽകിയത്. സൈബർ ഡിവിഷൻ എസ്പി അങ്കിത് അശോക് നൽകിയ കത്തിനാണ് മെറ്റ മറുപടി നൽകിയത്. വാർത്തകൾ നീക്കം ചെയ്യുന്നതിന് പോലീസിന്റെയോ കോടതിയുടെയോ ഭാഗത്തുനിന്ന് യാതൊരു പരാതിയോ ഉത്തരവോ ലഭിച്ചിരുന്നില്ല.
സാങ്കേതിക പിഴവ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നീക്കം ചെയ്ത 16 വാർത്തകളും പുനഃസ്ഥാപിച്ചതായും മെറ്റ അറിയിച്ചു. വാർത്തകൾ നീക്കം ചെയ്തത് മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നാണെന്ന് ആരോപിച്ച് പ്രതിപക്ഷം വ്യാപക വിമർശനം ഉന്നയിച്ചിരുന്നു.
Kerala
തിരുവനന്തപുരം: ഓണത്തിന് ഡ്യൂട്ടി ചെയ്യുന്ന പോലീസുകാർക്ക് സർക്കാർ വക ഓണസമ്മാനം. ഓണം ഡ്യൂട്ടി അലവൻസ് ഇരട്ടിയാക്കി സർക്കാർ ഉത്തരവായി. നിലവിലെ 500 രൂപയിൽ നിന്ന് 1000 രൂപയായാണ് അലവൻസ് വർധിപ്പിച്ചത്. ഓണദിവസം ഡ്യൂട്ടി ചെയ്യുന്ന പോലീസുകാർക്കാണ് അലവൻസ് ലഭിക്കുക.
ആഭ്യന്തര മന്ത്രിയുടെ നിർദേശപ്രകാരമാണ് അലവൻസ് വർധിപ്പിച്ചത്. അതേസമയം ഓണത്തിന് ബെവ്കോ ജീവനക്കാർക്കുള്ള ബോണസ് തുകയും സർക്കാർ വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ 2500 രൂപ കൂടുതലാണ് ഇത്തവണ നൽകുക.
ജീവനക്കാർക്ക് 50,000 രൂപ വരെ അഡ്വാൻസും അനുവദിക്കും. എക്സൈസ് മന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് ബെവ്കോ ജീവനക്കാരുടെ ബോണസ് സംബന്ധിച്ച തീരുമാനം എടുത്തത്.
Kerala
കൊച്ചി: പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും സമൂഹമാധ്യമങ്ങളിലൂടെ വെല്ലുവിളിക്കുകയും ചെയ്ത കേസിൽ അർജുൻ ആയങ്കിയെ രണ്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. കോതമംഗലം, ഊന്നുകൽ പോലീസ് സ്റ്റേഷനുകളിലെ ഇൻസ്പെക്ടർമാരെ ഭീഷണിപ്പെടുത്തിയ കേസിലാണ് നടപടി.
കോതമംഗലം ഇൻസ്പെക്ടർ കെ.ആർ. പ്രശാന്ത് കുമാറിനെ സമൂഹമാധ്യമത്തിലൂടെ ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. ഈ സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിയ ഊന്നുകൽ ഇൻസ്പെക്ടർ ബി.എസ്. ആദർശിന് ഇൻസ്റ്റഗ്രാമിലൂടെ അർജുൻ ആയങ്കി വെല്ലുവിളിച്ചിരുന്നു.
ഈ കേസിൽ ചോദ്യം ചെയ്ത് തെളിവെടുക്കുന്നതിനാണ് കസ്റ്റഡിയിൽവിട്ടത്. ആഭ്യന്തര മന്ത്രിയെ ഉൾപ്പെടെ വെല്ലുവിളിച്ചതിന് പിന്നാലെ കണ്ണൂരിൽ നിന്നാണ് അർജുൻ ആയങ്കിയെ കസ്റ്റഡിയിലെടുത്തത്. വെള്ളിയാഴ്ച രാത്രി ഏഴോടെ കോതമംഗലം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിരുന്നു.
കുട്ടമ്പുഴ ഇൻസ്പെക്ടർ എ. ഷൈൻ കുമാറിനാണ് കേസിന്റെ അന്വേഷണ ചുമതല. പുന്നേക്കാട് റിസോർട്ടിൽ നിന്ന് ക്രിമിനൽ ഗൂഢാലോചന കേസിൽ പിടിയിലായ അർജുൻ ആയങ്കിക്ക് കോതമംഗലം മജിസ്ട്രേറ്റ് കോടതി നേരത്തെ അനുവദിച്ച ജാമ്യം റദ്ദാക്കിയിരുന്നു. കോതമംഗലം ഇൻസ്പെക്ടറെ ഭീഷണിപ്പെടുത്തിയതിലൂടെ ജാമ്യവ്യവസ്ഥ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി.
Kerala
കൊച്ചി: മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വിശ്വാസവഞ്ചനാക്കേസിൽ അഗസ്റ്റിൻ സഹോദരങ്ങൾ വിചാരണ കോടതിയിൽ കീഴടങ്ങി. ചോറ്റാനിക്കര കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് മണിക്കൂറുകൾക്കുള്ളിലാണ് ആന്റോ അഗസ്റ്റിനും ജോസുകുട്ടി അഗസ്റ്റിനും കോടതിയിലെത്തി കീഴടങ്ങിയത്.
കേസിലെ മറ്റൊരു പ്രതിയായ റോജി അഗസ്റ്റിനോട് വരുന്ന 13-ാം തീയതി ഹാജരാകാൻ കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. വയനാട്ടിലെ മുട്ടിൽ, മേപ്പാടി എന്നിവിടങ്ങളിൽ നിന്ന് നിയമവിരുദ്ധമായി മുറിച്ചു കടത്തിയ മരങ്ങൾ എറണാകുളത്തെ മരക്കമ്പനി ഉടമയായ അലിയാറിന് വിറ്റതുമായി ബന്ധപ്പെട്ടാണ് കേസ്. വനംവകുപ്പിന്റെ ഔദ്യോഗിക പാസ് ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു വിൽപ്പന.
പിന്നീട് കേസ് വിവാദമായതിനെത്തുടർന്ന് വനംവകുപ്പ് തടികൾ കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് കമ്പനിയുടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അമ്പലമേട് പോലീസ് പ്രതികൾക്കെതിരെ വിശ്വാസവഞ്ചനാക്കുറ്റം ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. തുടർനടപടികളുടെ ഭാഗമായി ചോറ്റാനിക്കര കോടതി കുറ്റപത്രം വായിച്ചു കേൾക്കാൻ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രതികൾ കോടതിയിൽ എത്തിയിരുന്നില്ല.
ഇതിനെത്തുടർന്നാണ് കോടതി കർശന നടപടിയായി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. വാറന്റ് പുറത്തുവന്നതിനു പിന്നാലെ ആന്റോ അഗസ്റ്റിനും ജോസുകുട്ടി അഗസ്റ്റിനും കോടതിയിൽ നേരിട്ട് ഹാജരാവുകയായിരുന്നു.
Kerala
കൊച്ചി: ജീവന്‍രക്ഷാ പ്രവര്‍ത്തനങ്ങളിലും മറ്റും സഹായിക്കാന്‍ സംസ്ഥാനത്തെ 18 കോസ്റ്റല്‍ സ്റ്റേഷനുകളിൽ നിയമിച്ച കോസ്റ്റല്‍ പോലീസ് വാര്ഡന്മാരുടെ സേവനകാലാവധി നീട്ടി. നിലവിലുള്ള 141 വാര്ഡന്മാരുടെ സേവനം ഒരു വര്‍ഷത്തേക്കുകൂടി (2027 ജൂണ്‍ 30 വരെ) നീട്ടിയാണ് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കിയത്.
കടലിലും മറ്റും അപകടത്തില്‍പ്പെടുന്നവരെ രക്ഷിക്കുന്ന കാര്യത്തില്‍ കോസ്റ്റല്‍ പോലീസ് വാര്ഡന്മാരുടെ പങ്ക് നിസ്തുലവും അനിവാര്യവുമാണെന്ന ഐജി കോസ്റ്റല്‍ സെക്യൂരിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരമാണു നടപടി.
ഓഖി ദുരന്തത്തിനുശേഷം ദുരിതബാധിതരായ മത്സ്യബന്ധന സമൂഹങ്ങളെ പിന്തുണയ്ക്കുന്നതിനും സമുദ്രസുരക്ഷ മെച്ചപ്പെടുത്തുന്നതിനുമായി മത്സ്യത്തൊഴിലാളി മേഖലയില്‍നിന്നുള്ള 177 കോസ്റ്റല്‍ വാര്ഡന്മാരെ 2019ല്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുകയായിരുന്നു.
കേരളപോലീസ് അക്കാദമിയില്‍നിന്ന് നാലു മാസത്തെ പരിശീലനം നേടിയ ഇവര്‍ കടല്‍ പട്രോളിംഗില്‍ കോസ്റ്റല്‍ പോലീസിനെ സഹായിക്കുകയും തീരദേശ ബീറ്റുകളില്നിന്ന് രഹസ്യവിവരങ്ങള്‍ ശേഖരിക്കുകയുമാണ് ചെയ്യുന്നത്.
Kerala
കണ്ണൂർ: മുത്തങ്ങ സമരത്തിനിടെ പോലീസുകാരനായ കെ.വി. വിനോദ് കൊല്ലപ്പെട്ട കേസിലെ വിധിയിൽ പ്രതികരിച്ച് കുടുംബം. മരവിച്ച മനസോടെയാണ് വിധി കേട്ടതെന്ന് വിനോദിന്റെ സഹോദരനും പോലീസ് ഉദ്യോഗസ്ഥനുമായ കെ.വി.ബാബു പറഞ്ഞു. നീതി ലഭിക്കേണ്ടത് പൊതുസമൂഹത്തിന്റെ കൂടി ആവശ്യമാണ്.
23 വർഷമായി അമ്മ കാത്തിരുന്നത് ഈ വിധി കേൾക്കാനായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ സഹോദരൻ കൊല്ലപ്പെട്ടത് സമൂഹത്തിനു വേണ്ടി ജോലി ചെയ്യുമ്പോഴാണ്. വിനോദിന്റെ മരണശേഷവും കുടുംബത്തിന് ഏറെ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നു. കുടുംബ പെൻഷൻ പോലും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് വൈകിപ്പിച്ചു.
വിധിക്ക് എതിരായ തുടർനടപടികൾ ആലോചിച്ച് തീരുമാനിക്കും. സർക്കാർ അപ്പീൽ പോകാൻ തയാറായില്ലെങ്കിൽ കോടതിയെ സമീപിക്കും. ഈ വിധി കേരളത്തിലെ സമൂഹത്തിനും പോലീസിനും സമർപ്പിക്കുകയാണെന്നും കെ.വി.ബാബു പറഞ്ഞു.
Kerala
കോട്ടയം : മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഗർഭിണികളെ എത്തിച്ച് പ്രസവശേഷം കുഞ്ഞുങ്ങളെ മറിച്ചു വിൽക്കുന്ന സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ. തമിഴ്നാട് സ്വദേശി രാജ, വാഗമൺ സ്വദേശി അർജുൻ എന്നിവരാണ് ഈരാറ്റുപേട്ട പോലീസിന്റെ പിടിയിലായത്. സംഘത്തിൽ നിന്ന് രക്ഷപെട്ട ആസാം സ്വദേശിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവർ കുടുങ്ങിയത്.
ആസാം സ്വദേശിനിയായ യുവതിയെ തീക്കോയിയിലെ ആളൊഴിഞ്ഞ വീട്ടിൽ താമസിപ്പിച്ചായിരുന്നു സംഘത്തിന്റെ പ്രവർത്തനം. പ്രസവിച്ചു കഴിഞ്ഞാൽ കുഞ്ഞിനെ നൽകണമെന്നും ഇതിനായി മൂന്നു ലക്ഷം രൂപ നൽകാമെന്നും സംഘം വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇത് നിരസിച്ചതിനെ തുടർന്ന് യുവതിയെ പ്രതികൾ മർദിച്ചു.
തുടർന്ന് ഇവിടെ നിന്ന് രക്ഷപ്പെട്ട യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതേ വീട്ടിൽ ഗർഭിണികളായ മറ്റ് രണ്ടു സ്ത്രീകളെയും ഇവർ താമസിപ്പിച്ചിരുന്നതായി പരാതിയിൽ പറയുന്നു. സംഭവത്തിൽ ഉൾപ്പെട്ട മറ്റുള്ളവർക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.
NRI
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ കിരീടത്തിൽ നിസ്വാർഥ സേവനത്തിന് കേരള പോലീസിന്റെ പൊൻതൂവൽ. കോട്ടയം ആർപ്പൂക്കര പാറപ്പുറം ഭാഗത്തു നിന്നും ഈ മാസം 22ന് ഉച്ചയ്ക്ക് 12.30 മുതൽ കാണാതായ കോഴിക്കോട് സ്വദേശിയെ കണ്ടെത്തുവാൻ സഹായിച്ച ഡിഎംഎയുടെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി കോട്ടയം ഗാന്ധിനഗർ പോലീസിന്റെ ശബ്ദ സന്ദേശം.
കാണാതായ കുട്ടി, ന്യൂഡൽഹി റെയിൽവേ സ്റ്റേഷനടുത്തുള്ള അജ്മീരി ഗേറ്റ് എന്ന സ്ഥലത്ത് എത്തിയെന്നും കണ്ടുപിടിച്ചു കൂട്ടിക്കൊണ്ടുവരാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കോട്ടയം ഗാന്ധി നഗർ പോലീസ് സ്റ്റേഷനിൽ നിന്നും രഞ്ജിത്ത് എന്ന ഉദ്യോഗസ്ഥൻ ഡൽഹി മലയാളി അസോസിയേഷൻ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴയെ ഫോണിലൂടെ ബന്ധപ്പെടുകയായിരുന്നു.
നെറ്റിൽ നിന്നും ഡിഎംഎയുടെ ഫോൺ നമ്പർ കണ്ടെത്തിയാണ് പോലീസ് സഹായം അഭ്യർഥിച്ചത്. ഈ വിവരം ഡിഎംഎ ആർകെ പുരം ഏരിയ സെക്രട്ടറിയും ഡൽഹി പോലീസ് ഉദ്യോഗസ്ഥനുമായ രത്നാകരൻ നമ്പ്യാരെ അറിയിക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സി.എം. ഷിജു, അഭിഷേക് അജയ് എന്നിവരുമായി മേൽപ്പറഞ്ഞ സ്ഥലത്തെത്തി കുട്ടിയെ കണ്ടെത്തുകയുമായിരുന്നു.
കുട്ടിയുടെ പിതാവ് അഖിലേഷ് കുമാർ ഡൽഹിയിൽ എത്തുകയും മകനെ കണ്ടെത്തുവാൻ ഡൽഹി മലയാളി അസോസിയേഷനും മലയാളി പോലീസുകാരും ചെയ്ത നിസ്വാർഥ സേവനത്തിനു നന്ദി പറയുകയും മകനുമായി നാട്ടിലേക്ക് യാത്രയാവുകയും ചെയ്തു.
കോഴിക്കോട് തലക്കളത്തൂർ അന്നാശേരി വരതരുകുനിയിൽ ഭാഗത്ത് ആനന്ദതീർഥം വീട്ടിൽ അഖിലേഷ് കുമാറിന്റെ മകൻ വിഷ്ണു തീർഥ് (19) ആണ് കോട്ടയം ആർപ്പൂക്കര പാറപ്പുറം അങ്ങാടി കുന്നുംപുറത്ത് പേയിംഗ് ഗസ്റ്റായി താമസിക്കുന്ന വീട്ടിൽ നിന്നും ആരുമറിയാതെ ഡൽഹിക്കു വണ്ടി കയറിയത്.